ഗ്ലാസ് പെയിന്റിംഗില്‍ വര്‍ണ വിസ്മയം തീര്‍ത്ത് മലപ്പുറത്തെ 9ാംക്ലാസുകാരി

വേങ്ങര: ഒഴിവു വേളകള്‍ക്ക് ഗ്ലാസ് പെയിന്റിംഗിലൂടെ വര്‍ണം നല്‍കി വിസ്മയം തീര്‍ക്കുകയാണ് ഫാത്തിമ ഹിബ. വേങ്ങര ചുള്ളിപ്പറമ്പിലെ മുക്രിയന്‍ അബ്ദുല്‍കരീം-ആരിഫ ദമ്പതികളുടെ മകളായ ഫാത്തിമ ഹിബയാണ് വീട്ടിലുള്ള ഉപയോഗ ശൂന്യമായ ഗ്ലാസുകളിലും ജഗ്ഗുകളിലും വരച്ചു തുടങ്ങിയ പെയിന്റിംഗിന് കാവ്യാത്മകത നല്‍കി പുതുമ സൃഷ്ടിക്കുന്നത്.

പ്രകൃതിയുടെ വിവിധ ഭാവങ്ങളും ഹരിതവല്‍ക്കരണവും ഹിബയുടെ വിരല്‍തുമ്പിലൂടെ വര്‍ണം വിതറുമ്പോള്‍ കാഴ്ചക്കാര്‍ക്കത് കണ്‍കുളിര്‍മയേകുകയാണ്. എടരിക്കോട് പി.കെ.എം.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിബ ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി ഡസനോളം പെയിന്റിംഗുകള്‍ തീര്‍ത്തിട്ടുണ്ട്. ഇതില്‍ ചിലത് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പിറന്നാളിനും മറ്റും സമ്മാനമായി നല്‍കിയതോടെയാണ് ഹിബയിലെ കലാകാരിയെക്കുറിച്ച് പുറത്തറിഞ്ഞത്.

ഈ അവധിക്കാലത്ത് ഗ്ലാസിനു പുറമെ ടൈലുകളിലേക്കും ക്യാന്‍വാസിലേക്കും കൂടി തന്റെ കരവിരുത് പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഹിബ. രക്ഷിതാക്കളും സഹോദരങ്ങളും പ്രോല്‍സാഹനവുമായി ഈ കൊച്ചുകലാകാരിക്കൊപ്പമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *