സമ്മേളന പ്രചരണ വസ്തുക്കള്‍ മാറ്റാതെ സിപിഐ

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്കും കൊടിക്കും പാര്‍ട്ടി വക അവഹേളനം. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികളും നേതാക്കന്‍മാരുടെ ഫോട്ടോ അടങ്ങിയ പ്രചരണ ബോര്‍ഡുകളുമാണ് പരിപാടി അവസാനിച്ച് ഒരാഴ്ചയായിട്ടും നീക്കം ചെയ്യാതെ റോഡരികില്‍ കിടക്കുന്നത്. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ നടന്ന മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തെ കൊടിമരം പോലും ഇതുവരെ നീക്കിയിട്ടില്ല. ജില്ലയിലെ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ ടൗണ്‍ഹാള്‍ മുറ്റത്ത് നിരവധി ദിവസങ്ങളാണുണ്ടായിരുന്നത്. ചിത്രം പിന്നീട് മാറ്റിയെങ്കിലും കൊടികള്‍ എടുത്തിട്ടില്ല.

റോഡരികില്‍ കെട്ടിയിരുന്ന കൊടികളെല്ലാം താഴെ വീണിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും അത് പോലെയുണ്ട്. ചില ബോര്‍ഡുകള്‍ താഴെ യാത്രക്കാര്‍ക്ക് തടസ്സമാകുന്ന രീതിയിലാണുള്ളത്. ട്രാഫിക് ഐലന്റില്‍ കൊടികളും ബോര്‍ഡുകളും സ്ഥാപിച്ചത് സമ്മേളനത്തിന് മുമ്പ് തന്നെ പരാതിയായിരുന്നു. റോഡിലെ കാഴ്ച മറയും വിധമായിരുന്നു പല ബോര്‍ഡുകളും സ്ഥാപിച്ചിരുന്നത്. ഇവ മാറ്റിയെങ്കിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച പ്രചരണ ശില്‍പ്പങ്ങള്‍ മാറ്റിയിട്ടില്ല. ഇവിടെ കൊടികളും താഴെ വീണ് കിടക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *