ആവേശമായി പെരുന്തല്ലൂര്‍ പ്രീമിയര്‍ ലീഗ് താരലേലം

തിരൂര്‍: ഐഎസ്എല്‍ മാതൃകയില്‍ ടൂര്‍ണമെന്റും താരലേലവും ഒരുക്കി പെരുന്തല്ലൂര്‍ പ്രീമിയര്‍ ലീഗ്. മാര്‍ച്ച് 31ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്നലെയായിരുന്നു താരലേലം നടത്തിയത്. പരമാവധി 500 രൂപ മാത്രമാണ് ഒരു ടീമിന് ചിലവഴിക്കാന്‍ അനുമതിയുള്ളത്. ജൂനിയര്‍, സീനിയര്‍ ടീമുകളിലായി എട്ടു ടീമുകള്‍ മത്സരത്തിനുണ്ടാവും. പെരുന്തല്ലൂര്‍ യൂത്ത് ഫ്രണ്ട്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മൂന്ന് വര്‍ഷമായി പെരുന്തല്ലൂരില്‍ ഐഎസ്എല്‍ മാതൃകയില്‍ മത്സരം നടക്കാറുണ്ടെങ്കിലും ഏറ്റവും ആവേശം ഈ വര്‍ഷമായിരുന്നു. പെരുന്തല്ലൂര്‍ ഓഡിറ്റോറിയത്തില്‍ രാത്രി മുഴുവനെടുത്താണ് ലേലം പൂര്‍ത്തിയാക്കിയത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 260 കളിക്കാരെ ടീമുകള്‍ വിളിച്ചെടുത്തു.

പ്രാദേശിക കളിക്കാര്‍ക്ക് ടോകണ്‍ നല്‍കിയായിരുന്നു ലേലം നടത്തിയത്. തിരൂരിലും പരിസരത്തുമുള്ള കളിക്കാര്‍ക്കായി ആവേശത്തോടെയായിരുന്നു ക്ലബ്ബുകള്‍ ലേലം വിളിച്ചത്. 202 രൂപ ലഭിച്ച കെ മുഹമ്മദ് ഷിബിലാണ് ഏറ്റവും വിലയേറിയ താരം. പിപിഎല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് പ്രദര്‍ശന മത്സരവും പരിശീലനവും ക്ലബ്ബ് നല്‍കും. താരലേലവും ഐഎസ്എല്‍ മാതൃകയിലുള്ള ടൂര്‍ണമെന്റുമെല്ലാം കളി മെച്ചപ്പെടുത്തുമെന്നും ആവേശം നിറക്കുമെന്നും സംഘാടകര്‍ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *