ലോകകപ്പ് യോഗ്യത; അര്‍ജന്റീനയുടെ നില വീണ്ടും പരുങ്ങലില്‍

മലപ്പുറം: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ദുര്‍ബലരായ വെനസ്വേലയോടും സമനിലയില്‍ കുരുങ്ങി അര്‍ജന്റീന. ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കുള്ള പ്രയാണം അര്‍ജന്റീനയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ടായി. ഇന്ന് നടന്ന കളിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു.

കളിയുടെ 77 ശതമാനവും ബോള്‍ കയ്യില്‍ വെച്ച അര്‍ജന്റീനയ്ക്ക് ഗോള്‍ അടിക്കാന്‍ ആളുണ്ടായില്ലെന്നതാണ് തിരിച്ചടിയായത്. തുടക്കം മുതല്‍ പൊരുതി കളിച്ച അര്‍ജന്റീന ഓരോ അഞ്ച് മിനുറ്റിലും ഒരവസരം വീതം ഉണ്ടാക്കിയിരുന്നു. വെനസ്വേല പ്രതിരോധത്തെ കീറിമുറിച്ച് മെസിയും, ഡിമരിയയും മുന്നേറ്റ നിരക്കാര്‍ക്ക് തുടര്‍ച്ചയായി പന്തെത്തിച്ചു നല്‍കിയെങ്കിലും ഗോള്‍ ആക്കി മാറ്റാന്‍ സാധിച്ചില്ല. 24-ാം മിനുറ്റില്‍ ഡിമരിയ പരുക്കേറ്റ് പുറത്തു പോയതോടെ അര്‍ജന്റീന അക്രമണത്തിന്റെ രൂക്ഷതയും കുറഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളിയുടെ ഒഴുക്കിനെതിരെ വെനസ്വേലയാണ് ആദ്യം ഗോള്‍ നേടിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് ലഭിച്ച അവസരം അവര്‍ മുതലെടുത്തു. പക്ഷേ മിനുറ്റുകള്‍ക്കകം ഗോള്‍ മടക്കി തിരിച്ചു വരവിന്റെ ലക്ഷണം അര്‍ജന്റീന കാണിച്ചു. പക്ഷേ അഞ്ച് മിനുറ്റോളം ലഭിച്ച എക്‌സ്ട്രാ ടൈമിലടക്കം ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചുവെങ്കിലും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല.

16 കളികളില്‍ നിന്ന് ആറ് ജയവും, ആറ് സമനിലയും, നാലു തോല്‍വിയുമായി 24 പോയന്റാണ് അര്‍ജന്റീനയ്ക്കുള്ളത്.


Leave a Reply

Your email address will not be published. Required fields are marked *